2019-20 വർഷത്തെ സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‌

2019-20 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഗ്രാമസ്വരാജ് പുരസ്കാരം ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തീനിൽ നിന്നും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി. കോവളം കേരള ആര്ട്സ് & ക്രാഫ്റ്റ് വില്ലേജിൽ വെച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷം 2021ൽ വെച്ചാണ്‌ പുരസ്കാരം വിതരണം ചെയ്തത്.

തുടർച്ചയായ മൂന്നാം വർഷമാണ്‌ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി  നേടുന്നത്.

ആരോഗ്യ - കാർഷിക മേഖലയിലടക്കം നടപ്പിലാക്കിയ ജനക്ഷേമപദ്ധതികളും പ്ലാൻഫണ്ഡിന്റെ വിനിയോഗവുമാണ്‌ ജില്ലാ പഞ്ചായത്തിനെ വീണ്ടും പുരസ്കാര നിറവിലെത്തിച്ചത്. നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കിയ ‘ആശ്വാസ്’, ജില്ലയെ സമ്പൂർണ്ണ വിശപ്പുരഹിത ജില്ലയാക്കി മാറ്റുന്നതിനുള്ള പദ്ധതിയായ ‘പാഥേയം’, മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നല്കുന്ന ‘സ്നേഹസ്പർശം’, സ്കൂൾ പെൺ കുട്ടികൾക്ക് കരാട്ടെ പരിശീലനം നല്കുന്ന ഗിന്നസ് റെക്കോഡ് ലഭിച്ച പദ്ധതിയായ ‘ രക്ഷ’, വിഷരഹിത പാൽ വിതരണത്തിനുള്ള ‘ഗ്രീൻ മില്ക്ക്’, മണ്ണ്‌-ജല സംരക്ഷണത്തിനുള്ള ജലശ്രീ തുടങ്ങി ശ്രദ്ദേയമായ ഒട്ടനവധി തനതു പദ്ധതികൾ വിജയകരമായി നടപ്പിലാക്കിക്കൊണ്ടാണ്‌ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തുടർച്ചയായി മൂന്നാം വർഷവും പുരസ്കാരനേട്ടം കൈവരിച്ചത്.

അറിയിപ്പുകൾ

View All