ബജറ്റ് പ്രസംഗം 21-22

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
വാര്‍ഷിക ബഡ്ജറ്റ് 2021-22


ബഡ്ജറ്റ് പ്രസംഗം

കോവിഡ്-19 എന്ന മഹാമാരി മാനവരാശിയെ ഒന്നാകെ പിടിച്ചുകുലുക്കി ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ ഒരു വര്‍ഷമാണ് കടന്നു പോകുന്നത്. ലോകമാസകലം ദു:ഖവും ദുരിതവും അശാന്തിയും പടര്‍ത്തിയ കോവിഡ്-19 എന്ന മഹാമാരിമൂലമുള്ള കഷ്ടപ്പാടുകളെ ഇച്ഛാശക്തിയും ശുഭാപ്തി വിശ്വാസവും കൈമുതലാക്കി ശാസ്ത്ര ലോകത്തിന്‍റെ പിന്‍ബലത്തോടെ ഏറെക്കുറെ തടുത്തു നിരത്തുവാന്‍ നമുക്ക് കഴിഞ്ഞു എന്നത് ആശ്വാസകരമാണ്. പ്രതീക്ഷയുടെ വെള്ളിവെളിച്ചത്തിന്‍റെ സൂചനകള്‍ ദൃശ്യമാകുന്നുണ്ട് എങ്കിലും ഈ മഹാമാരി കവര്‍ന്നെടുത്ത നമ്മുടെ പ്രിയ സഹോദരങ്ങള്‍, അതുല്യ പ്രതിഭകള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരുടെ പാവന സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇതോടൊപ്പം ഈ മഹാമരിയ്ക്കെതിരായ ചെറുത്തു നില്‍പ്പില്‍ മുന്നണിപോരാളികളായി നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, റവന്യു-തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, യുവാക്കളും പൊതു പ്രവര്‍ത്തകരും എന്നിവരുടെ സാമൂഹിക പ്രതിബദ്ധതിയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

കോവിഡ്-19 മഹാമാരിമൂലമുള്ള വിപത്തുകളെ മികച്ച രീതയില്‍ ചെറുത്ത് നിര്‍ത്തുന്നതിലും മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതിലും ലോകത്തിന് മുന്നില്‍ തന്നെ മാതൃകയായ നമ്മുടെ സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഒത്തൊരുമയും പൊതു സമൂഹത്തെ ചേര്‍ത്ത് നിര്‍ത്തി അര്‍പ്പണ ബോധത്തോടുകൂടി ഏറ്റെടുത്ത വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും ഈ മഹാമാരിയെ ചെറുത്ത് നിര്‍ത്തുന്നതിന് നമ്മുടെ സംസ്ഥാനത്തെ സഹായിച്ച ഒരു പ്രധാന ഘടകമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നിന്ന് അവരില്‍ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്‍റെയും മികവിന്‍റെ പ്രതീകമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അര്‍പ്പണ ബോധത്തോടെയുളള പ്രവര്‍ത്തനമികവില്‍ മേല്‍പറഞ്ഞ പ്രതിസന്ധി മാതൃകാപരമായിതന്നെ കൈകാര്യം ചെയ്യുവാന്‍ ഇച്ഛാശക്തിയുള്ള നമ്മുടെ ഭരണകൂടത്തിന് സാദ്ധ്യമായി എന്നത് അഭിമാനകരമായ വസ്തുതയാണ്. സ്വാഭാവിക മായും വരും വര്‍ഷത്തെ ബജറ്റില്‍ നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടത് മേല്‍ പറഞ്ഞ മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിനാകണം എന്നത് പുതിയ ഭരണ സമിതിയുടെ സാമൂഹിക ധാര്‍മ്മിക പ്രതിബദ്ധതയാണ്.

"ഈ പ്രതിസന്ധിയേയും നാം അതിജീവിക്കും
അഭിവൃദ്ധിയുടെ പൊന്‍പുലരികള്‍ ഉദിച്ചുയരുകതന്നെ ചെയ്യും"

എന്ന ആത്മവിശ്വാസത്തോടെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷമായ 2021-22 വര്‍ഷത്തെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ബജറ്റ് സവിനയം അവതരിപ്പിക്കുന്നു.

 

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക