വിതുര പി.ടി.ഉഷ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്ത്ത നങ്ങള്ക്ക് തുടക്കമായി.

തലമുറകളായി വിതുരയിലെ യുവതയുടെ കായിക സ്വപ്നങ്ങള്‍ക്ക് ആശ്രയമായ പി.ടി.ഉഷ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.48 കോടി രൂപ വകയിരുത്തിയിട്ടുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ. മധു ബുധാനാഴ്ച നിര്‍വ്വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിതുര ഗവ. എച്ച്.എസിന്റെ ഭാഗമായ പി.ടി. ഉഷ സ്റ്റേഡിയത്തില്‍ ആധുനിക സൗകര്യങ്ങളാണ് ഒരുക്കുക.

 കായിക കേരളത്തിന് അഭിമാനമായ പി.ടി.ഉഷയുടെ നാമധേയത്തില്‍ ഉള്ള സ്റ്റേഡിയം 1987 ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. പി.ടി. ഉഷയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. തുടര്‍ന്നുള്ള മൂന്ന് പതിറ്റാണ്ടുകാലം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാത്രമല്ല വിതുരയിലെ യുവജനങ്ങളുടെയാകെ മുഖ്യ കായിക കേന്ദ്രമായി മാറി ഈ സ്റ്റേഡിയം.

സമീപകാലത്ത് അറ്റകുറ്റപ്പണികള്‍ നടത്താതെ സ്റ്റേഡിയം ശോചനീയാവസ്ഥയിലായ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. എട്ട് കോടി രൂപയോളം ചെലവഴിച്ച് വിതുര വി.എച്ച്.എസ്.എസില്‍ ജില്ലാ പഞ്ചായത്ത് പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനത്തിനിടെയാണ് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് വിതുരയിലെ കായിക പ്രേമികള്‍ നിവേദനം സമര്‍പ്പിച്ചത്. ഇതിനെത്തുടര്‍ന്ന് അടുത്ത ബഡ്ജറ്റില്‍ തന്നെ സ്റ്റേഡിയം നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി. തീര്‍ത്തും ആധുനികമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് സ്റ്റേഡിയത്തിന്റെ മുഖഛായ തന്നെ മാറ്റാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഗ്രൗണ്ട് ഗാലറി, 100 മീറ്റര്‍ ട്രാക്ക്, മിനി ജിംനേഷ്യം, ഓഫീസ് ബ്ലോക്ക്, കായിക താരങ്ങള്‍ക്കുള്ള വിശ്രമ മുറികളും, ടോയിലറ്റുകളും എന്നിവ ഉള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്