പൗരാവകാശ രേഖ

പൊതു അധികാരികളുടെ അധീനതയിലുള്ള വിവരങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും നിര്‍ബാധം ലഭിക്കുന്നതിനും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായും, അറിയുവാനുള്ള അവകാശത്തിന്‍റെ ക്രിയാത്മകമായ ഭരണ വ്യവസ്ഥ ക്രമപ്പെടുത്തുന്നതിനുള്ള നിയമത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതാണ് പൗരാവകാശരേഖ മുഖേന ഉദ്ദേശിക്കുന്നത്. സര്‍ക്കാരിനെയും, അതിന്‍റെ ഘടകങ്ങളേയും ഭരിക്കപ്പെടുന്നവരോടുള്ള ഉത്തരവാദിത്തത്തില്‍ നിലനിര്‍ത്തുന്നതിനും അഴിമതി നിയന്ത്രിക്കുന്നതിനുമായി ഉദ്ബോധിപ്പിക്കപ്പെട്ട ഒരു പൗരാവലിയും, വിജ്ഞാനസുതാര്യതയും ജനാധിപത്യത്തില്‍ അതിന്‍റെ പ്രവര്‍ത്തനക്ഷമതയ്ക്ക് മര്‍മ്മ പ്രധാനമാകുന്നതിനാല്‍ ആവശ്യമാണ്. പ്രാവര്‍ത്തിക തലത്തിലുള്ള വിവരങ്ങളുടെ വെളിപ്പെടുത്തല്‍, സര്‍ക്കാരുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍, ലഭ്യമായ സാമ്പത്തിക ഉറവിടങ്ങളുടെ പരമാവധി ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് പൗരന്‍മാര്‍ക്ക് അവരാഗ്രഹിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് സന്ദര്‍ഭോചിതമാണ്.

അറിയാനുള്ള അവകാശനിയമം 2005-ന്‍റെ തുടര്‍ച്ചയായിട്ടാണ് പൗരാവകാശരേഖ, സേവനാവകാശനിയമം എന്നിവ പ്രാബല്യത്തില്‍ വന്നത്. സ്ഥാപനത്തിന്‍റെ ഘടന, ഈ സ്ഥാപനത്തിന്‍റെ ഘടക സ്ഥാപനങ്ങള്‍, അവയുടെ പ്രവര്‍ത്തനരീതികള്‍, സേവനപ്രദാന സംവിധാനങ്ങള്‍, ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ പൗരാവകാശരേഖ തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഉത്തരവാദിത്തവും ചുമതലയും നിറവേറ്റുന്നതിന് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുകയും, ആവശ്യമായ പുന:ക്രമീകരണം നടപ്പാക്കുകയും സന്ദര്‍ഭാനുസരണം പുനര്‍പരിശീലനവും ശാക്തീകരണവും നടപ്പാക്കുകയും ചെയ്യും.

വിജ്ഞാപനം അനുസരിച്ച് സേവന പ്രദാനം ഉറപ്പാക്കാനും, നീരീക്ഷിക്കാനും മെച്ചപ്പെടുത്താനും അതാത് സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍, അപ്പില്‍ അധികാരികള്‍ മുതലായവരെ പ്രാപ്തരാക്കേണ്ടതുണ്ട്.  അതുപോലെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍, സേവന പശ്ചാത്തലവും സ്ഥാപന സൗകര്യവും ഒരുക്കേണ്ടതുണ്ട്. അതോടൊപ്പം പങ്കാളിത്തവും ഉടമസ്ഥതയും അവസരവും പരിഗണനയും ലഭിയ്ക്കുന്നതായി പൗരന്‍മാര്‍ക്ക് ബോദ്ധ്യമാകണം. അതിനുതകുന്ന ആന്തരിക-ബാഹ്യ അവലോകനവും നടപ്പാക്കണം. പൗരാവകാശരേഖ പരിഷ്കരിച്ച് പ്രസിദ്ധപ്പെടുത്തുന്നതിലൂടെ സേവനത്തിനുള്ള സാദ്ധ്യതകളെപ്പറ്റിയുള്ള അവബോധം വ്യാപിപ്പിക്കുകയും, ആസ്തികളെക്കുറിച്ച് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇതിനായി പ്രതിജ്ഞാബദ്ധമായ ഒരു പ്രവര്‍ത്തന സംവിധാനം സുശക്തമാക്കുകയും ചെയ്യുന്നുണ്ട്.

 

വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക