തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണമേഖലയിൽ നിന്ന് ഡയാലിസിസിനും, കരൾ/ വൃക്ക മാറ്റിവച്ച രോഗികൾക്ക് വേണ്ടിയുള്ള മരുന്നിനുമായി ജില്ലാപഞ്ചായത്ത് 2020-21 പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ചികിത്സാ സഹായ പദ്ധതിയാണ് ആശ്വാസ് പദ്ധതി. ജീവിതശൈലീ രോഗങ്ങൾക്കടിമപ്പെട്ട് ഗുരുതരമായ രോഗാവസ്ഥയെ നേരിടുന്ന രോഗികൾ ജീവിതത്തിൽ കടുത്ത യാതന അനുഭവിക്കന്നവരാണ്.വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചെയ്യേണ്ടിവരുന്ന രോഗികൾക്ക് ഭീമമായ തുക ചെലവാക്കേണ്ടിവരുന്നു. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിൽ സ്വകാര്യആശുപത്രികളിലും സർക്കാർ ആശുപത്രികളിലുമായി 1177 പേർ ഡയാലിസിസിന് വിധേയമാകുന്നു. സർക്കാർ ആുപത്രികളിൽ ഡയാലിസിസിന് വിധേയമാകുന്നവർക്ക് സൌജന്യനിരക്കിൽ അതു സാധിക്കുന്നു. എന്നാൽ സ്വകാര്യ ആുപത്രികളെ ആശ്രയിക്കുന്നവർക്ക് വളരെയധികം സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഒരു ഡയാലിസിസിന് രണ്ടായിരം രൂപവരെ ചെലവാക്കേണ്ടി വരുന്നവരുണ്ട്. കോവിഡ് വ്യാപനസമയത്ത് ജനങ്ങൾക്ക് വരുമാനം നിലച്ചിരിക്കുന്ന അവസ്ഥയിൽ ഡയാലിസിസ് രോഗികൾ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരത്തിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാനായാണ് മാതൃകാപരമായ കാരുണ്യ പദ്ധതിയുമായി ജില്ലാപഞ്ചായത്ത് മുന്നോട്ടു വരുന്നത്. ആഴ്ചയിൽ രണ്ടും മൂന്നും തവണ ഡയാലിസിസിന് വിധേയമാകേണ്ടി വരുന്ന പാവപ്പെട്ട രോഗികൾക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കും
ജില്ലാപഞ്ചായത്തിന്‍റെ 2020-21 വാർഷിക പദ്ധതിയിൽ ആശ്വാസ് പദ്ധതിക്കായി 2കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്‍റെ കീഴിൽ നെടുമങ്ങാട്, നെയ്യാറ്റിൻകര ആശുപത്രികളിൽ നിലവിൽ ഡയാലിസിസ് സൌകര്യം ഉണ്ട്. നെടുമങ്ങാട് 11 യൂണിറ്റും നെയ്യാറ്റിൻകരയിൽ 25 യൂണിറ്റുമാണ് പ്രവർത്തിക്കുന്നത്. കൂടാതെ സർക്കാർ ആശുപത്രികളായ ചിറയിൻകീഴ്, ആറ്റിങ്ങൽ, പാറശ്ശാല, പേരൂർക്കട, വിതുര, പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം ജനറൽ ആശുപത്രിയും ഇവ കൂടാതെ ജില്ലാപഞ്ചായത്തുമായി കരാറിലെത്തിയിട്ടുള്ള ജില്ലയിലെ പ്രമുഖമായ 11 സ്വകാര്യ ആശുപത്രികളും ആശ്വാസ് പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. വ്യാപകമായ അറിയിപ്പ് നൽകിയതിലൂടെ ലഭ്യമായിട്ടുള്ള അപേക്ഷകർക്ക് അവർ ആവശ്യപ്പെട്ടിട്ടുള്ള ആശുപത്രികളിൽതന്നെ ഡയാലിസിസ് സൌകര്യം ലഭ്യമാക്കുന്നതും ഇത് സംബന്ധിച്ച അറിയിപ്പുകൾ രേഖാമൂലം ബന്ധപ്പെട്ടവർക്ക് നൽകുന്നതുമാണ്. ആശുപത്രികളിൽ ഡയാലിസിസിന് വിധേയമാകുന്നവർക്ക് എത്ര ഡയാലിസിസ് നടത്തിയെന്ന് പരിശോധിച്ച് ആ തുക പ്രതിമാസം ആശുപത്രികൾക്ക് ജില്ലാപഞ്ചായത്ത് നൽകും. ഇത്തരത്തിൽ ഡയാലിസിസ് നടത്തുന്നവർക്ക് പ്രത്യേക ചികിത്സാ കാർഡ് ജില്ലാപഞ്ചായത്ത് നൽകുന്നതാണ്.
സർക്കാർ ജീവനക്കാർ, മൂന്നു ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനമുള്ള പെൻഷൻകാർ, ഡയാലിസിസിനു വേണ്ടി കാരുണ്യ പദ്ധതിയിൽ നിന്നോ മറ്റു സർക്കാർ സഹായമോ ലഭിക്കുന്നവർ എന്നിവർക്ക് ആശ്വാസ് പദ്ധതിയുടെ സഹായം ലഭിക്കില്ല. .
ഇതോടൊപ്പം തന്നെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും വിധേയരായ നിർദ്ധനരായ രോഗികൾക്ക് മരുന്നിനും മറ്റുമായി വലിയൊരു തുക കണ്ടെത്തേണ്ടി വരുന്നുണ്ട്. താങ്ങാനാവാത്ത കനത്ത തുകയാണ് പ്രതിമാസം മരുന്നിനുവേണ്ടി കണ്ടെത്തേണ്ടി വരുന്നത്. ഈ വിഭാഗത്തിൽ പെട്ട മുഴുവൻ പേർക്കും ജില്ലാപഞ്ചായത്ത് പ്രതിമാസം ആവശ്യമായ മരുന്നുകൾ ജില്ലാപഞ്ചായത്തിന്‍റെ സ്നേഹം പാലിയേറ്റീവ് മെഡിക്കൽ സർവ്വീസ് സൊസൈറ്റിയിലൂടെ സൌജന്യമായി ലഭ്യമാക്കും. നിലവിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ 17 അപേക്ഷകരേയും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ 134 അപേക്ഷകരേയും ആനുകൂല്യത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
കാര്യപരിപാടി
സ്വാഗതം - ശ്രീ.വി.രഞ്ജിത്, ആരോഗ്യവും വിദ്യാഭ്യാസവും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അദ്ധ്യക്ഷൻ - ശ്രീ.വി.കെ.മധു, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
ഉദ്ഘാടനം - ശ്രീമതി. കെ.കെ.ശൈലജ ടീച്ചർ, ബഹു.ആരോഗ്യ വകുപ്പ് മന്ത്രി
ചികിൽസാ കാർഡിൻെറ വിതരണോദ്ഘാടനം - ശ്രീ.കടകംപള്ളി സുരേന്ദ്രൻ, ബഹു.ടൂറിസം ദേവസ്യം വകുപ്പ് മന്ത്രി
കൃതജ്ഞത - ഡോ.കെ.എസ്.ഷിനു, ജില്ലാ മെഡിക്കലാഫീസർ
© 2017 TVM Jilla Panchayat. All rights reserved | Design by Cliffcreations