തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ കോവിഡ് രോഗികൾക്ക് പ്രത്യേകം സജ്ജീകരണം, പുതിയ എഫ്‌ളൂവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, ബയോപാർക്ക് ഉദ്‌ഘാടനം

നെയ്യാറ്റിൻകര ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ, കോവിഡ് രോഗികൾക്കായി ഒരുക്കിയ പ്രത്യേകം സജ്ജീകരണത്തിന്റെ ഉദ്ഘാടനത്തോടൊപ്പം, പുതിയ എഫ്‌ളൂവെന്റ് ട്രീറ്റ്മെൻറ് പ്ലാന്റ് നിർമ്മാണ ഉദ്ഘാടനവും ശുചിത്വമിഷന്റെ സഹായത്തോടെ നിർമ്മിച്ച ബയോപാർക്ക് ഉദ്ഘാടനവും ജൂലൈ 14 ബുധനാഴ്ച ബഹു. കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് നിർവഹിക്കുന്നു.


ബഹു. എം.എൽ.എ. മാരായ ശ്രീ. കെ. അൻസലൻ, ശ്രീ. സി.കെ. ഹരീന്ദ്രൻ എന്നിവർ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അദ്ധ്യക്ഷത വഹിക്കുന്നു.


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ കോവിഡ് രോഗികൾക്ക് പ്രത്യേകം സജ്ജീകരണം ഒരുക്കുന്നത്. ആവശ്യമെങ്കിൽ ഈ പ്രക്രിയ മറ്റു ജില്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. ജില്ലാ പഞ്ചായത്തിൻറെ "ആശ്വാസ്" പദ്ധതിപ്രകാരം ജില്ലയിലെ ഗ്രാമീണ മേഖലയിലെ നിർധനരായ ഏകദേശം ആയിരത്തിനടുത്ത് വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യം വിവിധ ആശുപത്രികളിലായി ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം അഞ്ച് ഡയാലിസിസ് ആണ് ഇവർക്ക് ജില്ലാ പഞ്ചായത്ത് മുഖേന സൗജന്യമായി നൽകുന്നത്. സൌജന്യ ഡയാലിസിസിന് പുറമെ കരൾ , വൃക്ക എന്നിവ മാറ്റിവെച്ച നിർധനരായ നൂറുകണക്കിന് വ്യക്തികൾക്ക് പ്രതിമാസം നിശ്ചിത വിലയ്ക്കുള്ള മരുന്നുകൾ സൗജന്യമായി വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട് എന്നത് അഭിമാനകരമാണ്. കോവിഡ് മഹാമാരിക്കാലത്ത് വരുമാനം മുടങ്ങിയ നിർധനരായ മേല്പറഞ്ഞ വിഭാഗം രോഗികൾക്ക് ഏറെ ആശ്വാസകരമാണ് ജില്ലാ പഞ്ചായത്തിന്റെ ഈ അഭിമാന പദ്ധതി.