ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷവും ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷന്മാർക്ക് ആദരവും 

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷവും ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷന്മാർക്ക് ആദരവും

ജനകീയാസൂത്രണത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻമാരെയും ജനപ്രതിനിധികളെയും ആദരിച്ചു.

2021 ഓഗസ്റ്റ് 17 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്, ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. സ്മാരക ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ ബഹു. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്‍റണി രാജു, മുൻ എംപി ഡോ. ടി.എൻ. സീമ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങില്‍ ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആദ്യ അധ്യക്ഷനും മുൻ എം.എൽ.എ.യുമായ ശ്രീ. ബി. സത്യൻ, ജില്ലാ പഞ്ചായത്ത് 2005-2010 ഭരണസമിതിയുടെ അധ്യക്ഷൻ ശ്രീ. ആനാവൂർ നാഗപ്പൻ, 2010-13 ഭരണസമിതി അധ്യക്ഷ ശ്രീമതി രമണി പി. നായർ, 2013-15 ഭരണസമിതി അധ്യക്ഷയും നിലവിലെ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീമതി അൻസജിത റസ്സൽ എന്നിവരെ വേദിയിൽ ആദരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റ് ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷന്മാരും ജനപ്രതിനിധികളും ജനകീയാസൂത്രണ പ്രസ്ഥാനവുമായി സഹകരിച്ചവരും ഓൺലൈനായി ചടങ്ങിൽ പങ്കുചേർന്നു.

1995 മുതൽ 2020 വരെയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതികളുടെ ചരിത്രവും പ്രവർത്തന റിപ്പോർട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ അവതരിപ്പിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ചരിത്രം വിശദീകരിച്ചുകൊണ്ട് ഡോ. ടി.എൻ. സീമ സംസാരിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എസ്. സുനിത, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി. ആർ. സലൂജ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം. ജലീൽ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.ആർ. സുഭാഷ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.