ന്യൂലൈഫ് - ലക്ഷംവീട് നവീകരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധു നിര്‍വ്വഹിച്ചു.

ന്യൂലൈഫ് - ലക്ഷംവീട് നവീകരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധു നിര്‍വ്വഹിച്ചു.
ജില്ലയിലെ ലക്ഷംവീടുകള്‍ക്ക് ശാപമോക്ഷമാകുന്നു.


ജില്ലയിലെ ലക്ഷംവീട് കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ന്യൂലൈഫ് സമഗ്ര കോളനി നവീകരണ പദ്ധതിയാണ് ന്യൂ ലൈഫ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വീട് വാസത്തിന് യോഗ്യമല്ലാത്ത വിധം ജീര്‍ണ്ണാവസ്ഥയിലാണ്. സാങ്കേതിക പരിശോധനയില്‍ കണ്ടെത്തിയ ജില്ലയിലെ 33 കോളനികളെയാണ് ഈ പദ്ധതി പ്രകാരം തെരഞ്ഞെടുത്തിട്ടുള്ളത്. എല്ലാ കോളനികളിലും ഗുണഭോക്തൃ കമ്മിറ്റികള്‍ രൂപീകരിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓരോ ഗുണഭോക്താവിനും രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഗ്രാമസേവകന്‍മാരാണ് പദ്ധതിയുടെ നിര്‍വ്വഹണം നടത്തുന്നത്. ന്യൂ ലൈഫ് പദ്ധതി പ്രകാരം ജില്ലയില്‍ ആദ്യം നവീകരണം പൂര്‍ത്തിയാക്കിയത് അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ എടത്വാമൂല ലക്ഷംവീട് കോളനിയാണ്. ന്യൂ ലൈഫ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും എടത്വാമൂല കോളനിയില്‍ നവീകരണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും 25/06/2020 ന് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി.കെ. മധു നിര്‍വ്വഹിച്ചു.

സംസ്ഥാനത്തു തന്നെ ആദ്യമായിട്ടാണ് ലക്ഷം വീട് നവീകരണത്തിന് ഇത്തരമൊരു മാതൃകാ പദ്ധതി തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എടത്വാമൂല കോളനിയിലെ 15 വീടുകളാണ് നവീകരിച്ചത്. കേരളത്തിലുടനീളമുള്ള ഭവന രഹിതരായ ജനങ്ങള്‍ക്ക് അത്താണിയായി മാറിയതാണ് എം.എന്‍. ലക്ഷംവീട് പദ്ധതി. അന്ന് രണ്ട് കുടുംബങ്ങള്‍ ഒരു മേല്‍ക്കൂരയ്ക്ക് താഴെ താമസിക്കുന്ന തരത്തില്‍ ഇരട്ട വീടുകളായിട്ടാണ് നിര്‍മ്മിച്ചു നല്‍കിയത്. 1996-2000 കാലഘട്ടത്തില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒറ്റ വീടുകളാക്കി മാറ്റിക്കൊണ്ട് പുരുദ്ധാരണം നടത്തുകയുണ്ടായി. കാലപ്രവാഹത്തെ അതിജീവിച്ച് ഇന്ന് നിലനില്‍ക്കുന്ന പ്രസ്തുത ലക്ഷംവീടുകളില്‍ പലതും ജീര്‍ണ്ണാവസ്ഥയിലാണ്. ഇത്തരം ലക്ഷംവീട് കോളനികളുടെ സമഗ്രമായ പുനരുദ്ധാരണമാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ന്യൂ ലൈഫ് കോളനി നവീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ജില്ലാ പഞ്ചായത്ത് 40 ശതമാനം, ഗ്രാമപഞ്ചായത്ത് 40 ശതമാനം ബ്ലോക്ക് പഞ്ചായത്ത് 20 ശതമാനവും വിഹിതങ്ങളായി സംയുക്തമായി പ്രോജക്ട് നടപ്പിലാക്കുന്നു. തദ്ദേശ ഭരണ സ്ഥാപന തലത്തില്‍ ഭവന നിര്‍മ്മാണ പ്രോജക്ടുകളുടെ നിര്‍വ്വഹണം നടത്തുന്നത് വി.ഇ.ഒ. ആണ്. ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേകം മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ മുഴുവന്‍ ലക്ഷംവീട് കോളനികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനികളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

ഭവന പുനരുദ്ധാരണത്തിന് പട്ടികജാതി-ജനറല്‍ വിഭാഗങ്ങള്‍ക്ക് ഒരു വീടിന് പരമാവധി 2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ആദ്യ ഗഡുവായി അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ എടത്വാമൂല കോളനിയില്‍ 15 ശോചനീയാവസ്ഥയിലായിരുന്ന വീടുകള്‍ക്ക് 18.5 ലക്ഷം രൂപ തുക അനുവദിച്ചിട്ടുണ്ട്.

നിവിലുള്ള വീടിന്‍റെ മേല്‍ക്കൂര ബലപ്പെടുത്തല്‍, മേല്‍ക്കൂര പ്ലാസ്റ്ററിംഗ് പൊട്ടിപ്പൊളിഞ്ഞ ജനല്‍, വാതില്‍ ഇവ മാറ്റി പുതിയവ സ്ഥാപിക്കല്‍, ചുമരുകള്‍ പൂശല്‍, തറ ടൈല്‍/സിമന്‍റ് ഇടല്‍, ഉപയോഗയോഗ്യമല്ലാത്ത കക്കൂസ് ഉണ്ടെങ്കില്‍ അവ ഉപയോഗയോഗ്യമാക്കല്‍, ചുമരുകള്‍ വെയിന്‍റിംഗ് എന്നീ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസ്തുത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.കെ. പ്രീജ അദ്ധ്യക്ഷയായിരുന്നു. അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി.ടി. ബീന സ്വാഗതം ആശംസിച്ചു. മുഖ്യ അതിഥിയായി ശ്രീ. ആന്‍സലന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ബിന്ദു, വാര്‍ഡ് മെമ്പര്‍ ശ്രീമതി. ജലജ, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രോജക്ട് ഡയറക്ടര്‍ വൈ, വിജയകുമാര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.