തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് രണ്ടാം തവണയും ദീൻ ദയാൽ ഉപാധ്യായ ദേശീയ പുരസ്‌കാരം.

രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള 2019-20 വർഷത്തെ ദീൻ ദയാൽ ഉപാധ്യായ സശാക്തീകരൺ പുരസ്കാരം വീണ്ടും ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി.

2017-18 വർഷത്തെ ദേശീയ പുരസ്കാരവും ജില്ലാപഞ്ചായത്ത് നേടിയിരുന്നു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന പുരസ്കാരമായ സ്വരാജ് ട്രോഫിയും 2017-18 വർഷം മുതൽ തുടർച്ചയായി മൂന്ന് വർഷവും ജില്ലയ്ക്ക് തന്നെ സ്വന്തം. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടം നേടിയ രാജ്യത്തെ ഏക തദ്ദേശ സ്ഥാപനമാണ്‌ തിരുവനന്തപുരം ജില്ലാപഞ്ചായത്ത്. ലൈഫ് പദ്ധതിയനുസരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചതിനുള്ള അവാർഡും ആരോഗ്യരംഗത്ത് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേടിയിട്ടുണ്ട്.

 

 5 കൊല്ലത്തിനിടയിൽ 3 തവണ തുടർച്ചയായി മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സംസ്ഥാന പുരസ്കാരവും 2 തവണ ദേശീയ പുരസ്കാരവും ലഭിച്ച  അഭിമാനാർഹമായ നേട്ടമുൾപ്പെടെ പതിനാലോളം സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ 2015-20 കാലയളവിൽ നേടിക്കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിജയചരിത്രത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പുതിയ അധ്യായം കുറിക്കുകയാണ്

 

അവാർഡിനർഹമായ മികച്ച പദ്ധതികളിൽ ചിലത്:

സർഗവായന സമ്പൂർണവായന- എല്ലാ വിദ്യാലയങ്ങളിലെയും എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, ഗ്രന്ഥപ്പുര- സ്കൂളുകളിലെ ലൈബ്രറി പ്രവർത്തനം മെച്ചപ്പെടുത്താനായി ലൈബ്രേറിയന്മാരെ നിയമിക്കുന്നത്, രക്ഷ - പെൺകുട്ടികൾക്കുള്ള സ്വയരക്ഷ പരിശീലന പദ്ധതി, സാരഥി- സ്കൂളുകൾക്ക് ബസ് നൽകുന്ന പദ്ധതി, സെല്ലുലോയിഡ്- പഠനത്തോടൊപ്പം കുട്ടികൾക്ക് സിനിമാ നിർമ്മാണ പരിശീലനം നൽകുന്ന പദ്ധതി, മാനസ- ഹൈടെക് ഗേൾസ് അമിനിറ്റി സെന്റർ, വിദ്യാജ്യോതി- പഠനത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് പഠന ബോധന സഹായി നല്കുന്നത്, വനജ്യോതി- വനമേഖലയിലെ കുട്ടികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുന്ന പദ്ധതി, പാഥേയം - വിശപ്പു രഹിത ജില്ലയ്ക്കായി അശരണർക്ക് ഒരു നേരം ആഹാരം നല്കുന്ന പദ്ധതി, ശാന്തികുടീരം- പെരിങ്ങമ്മല, കല്ലറ പൊതുശ്മശാനങ്ങൾ, ആശ്വാസ് - സൗജന്യ ഡയാലിസിസ്, ജലശ്രീ- ശുദ്ധജല സമ്പത്ത് വർധിപ്പിക്കൽ, ന്യൂലൈഫ്- ലക്ഷംവീട് കോളനികളുടെ സമഗ്രമായ പുനരുദ്ധാരണ പദ്ധതി, വഴിയമ്പലം വഴിയോര വിശ്രമ കേന്ദ്രങ്ങൾ, പെരിങ്ങമ്മല, പള്ളിക്കൽ, ഉഴമലയ്ക്കൽ, പ്ലാമൂട്ടുക്കട എന്നീ സ്ഥലങ്ങളിൽ സ്പോർട്സ് ഹബ്ബ്.