കേരളത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളേയും അന്താരാഷ്ട്ര മികവിലേയ്ക്കുയര്‍ത്തുക എന്ന ലക്ഷ്യം നേടുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ രംഗത്ത് വന്‍ ജനകീയ മുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നത്. നീതി നിയോഗ് 2016-17 പഠനവര്‍ഷമായി എടുത്തുകൊണ്ട് നടത്തിയ പഠനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. 'അക്കാദമിക മികവാണ് വിദ്യാലയത്തിലെ മികവ്' എന്ന പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ കേന്ദ്ര ആശയം സമ്പൂര്‍ണ്ണമായി നേടുന്നതിന് ഒട്ടനവധി അക്കാദമിക മികവ് പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യഭ്യാസ വകുപ്പിന്‍റെയും ത്രിതലപഞ്ചായത്തുകളുടെയും ജനകീയ സമിതികളുടെയും നേതൃത്വത്തില്‍ നടക്കുകയാണ്. എല്ലാ കുട്ടികളുടെയും അക്കാദമിക മികവിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി മികച്ച വായനാ സംസ്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. എല്ലാ കുട്ടികളിലും വായനാസംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് പ്രവര്‍ത്തനക്ഷമമായ ലൈബ്രറികള്‍ എല്ലാ ക്ലാസ്സ് മുറികളിലും അനിവാര്യമാണ്. കുട്ടികളില്‍ വായനയോട് അഭിരുചി വളര്‍ത്തി വായനാ സംസ്കാരം രൂപപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ ആശയാവിഷ്കാരത്തിന്‍റെ എല്ലാ മേഖലകളിലും മുന്നേറ്റം ഉണ്ടാക്കുവാന്‍ കഴിയും. മാതൃഭാഷ സ്വായത്തമാക്കുവാന്‍ അവസരം ലഭിക്കാത്ത കുട്ടികള്‍ വളര്‍ന്നുവരുന്നത് കുടുംബങ്ങളിലും പൊതുവെ സമൂഹത്തിലും ദീരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. പഠനത്തിലും ഒഴുവിവേളകളിലും പുസ്തകങ്ങളെ കൂട്ടുകാരായി മാറ്റുന്ന ഒരു ക്ലാസ്സ് മുറി അന്തരീക്ഷം സൃഷ്ടിക്കുവാന്‍ കഴിയേണ്ടതുണ്ട്. ഹൈടെക് ലോകത്തോടൊപ്പം വായനാ ലോകത്തേക്കും കുട്ടികളെ കൊണ്ടു വരേണ്ടതുണ്ട്.
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും അധിക വായന്യ്ക്കും വേണ്ി ഓരോ ക്ലാസ്സിനും അനുയോജ്യമായ നൂറ് മുതല്‍ നൂറ്റമ്പത് വരെ പുസ്തകങ്ങള്‍ ശേഖരിക്കുക, പുസ്തകം സൂക്ഷിക്കുന്നതിനുള്ള അലമാര ക്ലാസ്സ് തലത്തില്‍ സജ്ജീകരിക്കുക, പുസ്തക വിതരണത്തിന് ക്ലാസ്സ് തല കമ്മിറ്റികള്‍ രൂപീകരിക്കുക, പുസ്തക സ്റ്റോക്ക് വിതരണ രജിസ്റ്ററുകള്‍ സൂക്ഷിക്കുക, കുട്ടി ലൈബ്രേറിയന്‍മാരുടെ നേതൃത്വത്തില്‍ ക്ലാസ്സ് ടീച്ചറുടെ മുഖ്യ ചുമതലയില്‍ ക്ലാസ്സ് ലൈബ്രറി പ്രവര്‍ത്തിക്കുക, ക്ലാസ്സ്, സ്കൂള്‍, ഉപജില്ലാ - പഞ്ചായത്ത് - ജില്ലാ തലങ്ങളില്‍ വായനാനുബന്ധ പരിപാടികളും വായനോത്സവങ്ങളും സംഘടിപ്പിക്കുക തുടങ്ങിയവയാണ് 'സര്‍ഗ്ഗ വായന - സമ്പൂര്‍ണ്ണ വായന എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്'.
ഈ ഉദ്ദേശങ്ങളെ മുന്‍ നിര്‍ത്തിയാണ് തിരുവനന്തപുരം റവന്യൂ ജില്ലയിലെ എല്ലാ സ്കൂളുകളിലും ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസ്സ് മുറികളിലും ലൈബ്രറി സ്ഥിരം സംവിധാനമാക്കി സജ്ജീകരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത്, ജനപ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ കൂട്ടായ്മയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ ലൈബ്രറി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ജില്ലാപഞ്ചായത്ത് ലൈബ്രേറിയന്‍മാരെ നിയമിച്ച് ഓണറേറിയം നല്‍കുകയും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ റഫറന്‍സ് പുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന 'ഗ്രന്ഥപ്പുര' പദ്ധതി വിജയകരമായി നടന്നു വരികയാണ്. കൂടാതെ ലൈബ്രറി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ എന്‍റെ വായന - എന്‍റെ വിദ്യാലയം പദ്ധതി, സര്‍വ്വ ശിക്ഷ കേരളയുടെയും ഡയറ്റിന്‍റെയും നേതൃത്വത്തില്‍ നടന്നു വരുന്ന വായനാ പരിപോഷണ പദ്ധതികള്‍, ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ വായനാ പദ്ധതികള്‍, അക്കാദമിക കര്‍മ്മ പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ നടക്കുന്ന തനത് വായനാ പരിപാടികള്‍ തുടങ്ങിയവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു ബൃഹത്തായ പദ്ധതിയാണ് രൂപകല്പന ചെയ്തിട്ടു ള്ളത്. ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതോടെ എല്ലാ ക്ലാസ്സിലും ലൈബ്രറി സംവിധാനമുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ജില്ലയെന്ന ബഹുമതി തിരുവനന്തപുരം ജില്ലയ്ക്ക് ലഭിക്കും.