മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്തിന്‍റെ ഒരു കോടി രൂപ സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപ സംഭാവനയായി നൽകും. സംസ്ഥാനത്ത് കോവിഡ് - 19 രണ്ടാം തരംഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാതൃകാപരമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് തിരുവനന്തപുരം ജില്ലയിൽ നടത്തിവരുന്നത്. കഴിഞ്ഞ വർഷവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമാനമായ തുക ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് സംഭാവനയായി നല്കിയിരുന്നു. 

ഇത് കൂടാതെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നെടുമങ്ങാട്, പേരൂർക്കട, നെയ്യാറ്റിൻകര എന്നീ ജില്ലാ ആശുപത്രികളിൽ കോവിഡ് വാർഡുകൾ ആരംഭിക്കുകയും പൂർണ്ണമായും കോവിഡ് ചികിത്സാ ചെലവുകളും ഭക്ഷണവും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ആശുപത്രികളിലേയ്ക്ക് കോവിഡ്-19 ചികിത്സയുടെ ഭാഗമായി ആവശ്യമായ ആന്റിജൻ കിറ്റ്, പി.പി.ഇ കിറ്റ്, തെർമൽ സ്കാനർ എന്നിവ വാങ്ങി നല്കുകയും, വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് അവ വാങ്ങി നൽകാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.


കോവിഡ് -19 ചികിത്സയുടെ ഭാഗമായി സർക്കാർ തുടങ്ങുന്ന ഡി.സി.സി സെന്ററുകളിൽ ആവശ്യമായ പൾസ് ഓക്സി മീറ്ററുകൾ വാങ്ങി നൽകും. ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ പാലിയേറ്റീവ് രോഗികൾക്ക് മൊബൈൽ വാക്സിനേഷൻ യൂണിറ്റ് ഉപയോഗിച്ച് വീടുകളിൽ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തും.


കോവിഡ്-19 ചികിത്സയുടെ ഭാഗമായുള്ള ഏകോപനത്തിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് ആശുപത്രിയുടെ ചുമതലകൾ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർക്കും നെയ്യാറ്റിൻകര ആശുപത്രിയുടെ ചുമതലകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഡിവിഷൻ മെമ്പറായ ശ്രീ.ബിനു എന്നിവർക്കും പേരൂർക്കട ആശുപത്രിയുടെ ചുമതലകൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർക്കും നൽകിയിട്ടുണ്ട്.

അറിയിപ്പുകൾ

View All