തിരുവനന്തപുരം: കോവിഡ് 19 നെ തുടർന്ന് മാറ്റിവയ്ക്കപ്പെട്ട എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്നു തുടങ്ങാനിരിക്കെ ജില്ലയിലെ സ്കൂളുകളിൽ വിപുലമായ സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള 135 സ്‌കൂളുകളിലെ പരീക്ഷാ കേന്ദ്രങ്ങൾ ഇതിനായി പൂർണ്ണസജ്ജമായെന്ന് ബഹു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ വി കെ മധു അറിയിച്ചു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശാരീരിക അകലം, എല്ലാ വിദ്യാർത്ഥികൾക്കും മാസ്കുകൾ, കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ എന്നിവ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഉറപ്പുവരുത്തിക്കഴിഞ്ഞു. വിദ്യാർത്ഥികൾക്കായി ഒരുക്കിയ സജ്ജീകരണങ്ങൾ അദ്ദേഹം സ്കൂളുകളിൽ നേരിട്ടെത്തി വിലയിരുത്തി
പത്താം ക്ലാസിൽ 20,055ഉം പതിനൊന്നാം ക്ലാസിൽ 17,427ഉം പന്ത്രണ്ടാം ക്ലാസിൽ 17,970ഉം വിഎച്ച്എസ്‌സി ഒന്നാം വർഷം 1,729ഉം രണ്ടാം വർഷം 1,874ഉം ഉൾപ്പെടെ ആകെ 59,055 വിദ്യാർത്ഥികളാണ് ഈ സ്‌കൂളുകളിൽ പരീക്ഷയ്ക്കെത്തുന്നത്. സ്‌കൂൾ പിടിഎകൾ മുഖാന്തരം എല്ലാ വിദ്യാർത്ഥികൾക്കും മാസ്‌കുകളും കൈകഴുകാനുള്ള സൗകര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിനു പുറമെ ജില്ലാ പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത സാനിറ്റൈസറും മാസ്കുകളും സ്‌കൂൾ അധികൃതർ ഇന്നലെയോടെ ഏറ്റുവാങ്ങി. ഫയർഫോഴ്സിന്‍റേയും പിടിഎകളുടെയും സഹകരണത്തോടെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളും അണുവിമുക്തമാക്കിക്കഴിഞ്ഞു. വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിലേക്ക് എത്താൻ ആവശ്യമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തും. ശാരീരികോഷ്മാവും മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവരെ പരിശോധിക്കാൻ ആരോഗ്യവകുപ്പിന്‍റെ വിദഗ്ദ്ധ സംഘവുമുണ്ടാകും.
യാതൊരു ആശങ്കകൾക്കും അടിസ്ഥാനമില്ലാത്ത തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷാ നടത്തിപ്പിനായുള്ള സജ്ജീകരണങ്ങൾ സ്കൂളുകളിൽ നടപ്പിലാക്കിയിരിക്കുന്നത്