സൗരോർജ പാനൽ, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കൽ, കോവിഡ് മൂന്നാം തരംഗ പ്രതിരോധ പരിശീലനം തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനം

കോവിഡ് വ്യാപനത്തെ ചെറുത്തു തോൽപ്പിക്കാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി, കോവിഡ് മൂന്നാം തരംഗ ഊർജ്ജിത പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും, പേരൂർക്കട ജില്ലാ ആശുപ്രതിയിൽ എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് നിർമ്മിച്ചു നൽകുന്ന 1000 എൽ. പി. എം. കപ്പാസിറ്റിയുള്ള ഓക്സിജൻ പ്ലാന്റിന്റെ ധാരണാപത്രം ഏറ്റുവാങ്ങലും, ജില്ലാ പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും, ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഇൻകെൽ ലിമിറ്റഡ്  സ്ഥാപിച്ചിട്ടുള്ള 506  കിലോ വാട്ട് സൗരോർജ്ജ പ്ലാന്റുകളുടെ പ്രവർത്തനോദ്ഘാടനവും ജൂൺ 15 ചൊവ്വാഴ്ച്ച 3 മണിക്ക് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. സ്മാരക ഹാളിൽ ബഹു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.

 

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച  ചടങ്ങിൽ ബഹു. വട്ടിയൂർക്കാവ് എം. എൽ. എ. ശ്രീ. വി. കെ. പ്രശാന്ത് മുഖ്യ അതിഥിയായിരുന്നു

 

പേരൂർക്കട ജില്ലാ ആശുപ്രതിയിൽ എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് നിർമ്മിച്ചു നൽകുന്ന 1000 എൽ. പി. എം. കപ്പാസിറ്റിയുള്ള ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചുരുങ്ങിയത് 196 ആശുപത്രി കിടക്കകളിൽ രോഗികൾക്ക് നേരിട്ട് മെഡിക്കൽ ഓക്സിജൻ ലഭ്യമാകാൻ  ഉതകുന്ന ഒരു പദ്ധതിയാണിത്. കോവിഡ് രണ്ടാം തരംഗത്തിൽ ഭീഷണി നേരിട്ട ഓക്സിജൻ ലഭ്യത സംബന്ധിച്ച പ്രതിസന്ധി ഭാവിയിൽ ആശുപത്രികളിൽ ഉണ്ടാകാതിരിക്കുന്നതിനുള്ള ദീർഘവീക്ഷണത്തോടു  കൂടിയുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കർമ്മ  പദ്ധതിയാണിത്.

 

മേല്പറഞ്ഞ പരിപാടികൾക്ക് പുറമെ തിരു. ജില്ലാ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൾസ് ഓക്സിമീറ്റർ വാങ്ങുന്നതിന് കുടുംബശ്രീയുടെ സംഭാവനയായി 4,75,000 രൂപയും തദവസരത്തിൽ കുടുംബശ്രീ അധികൃതർ  ജില്ലാ  പഞ്ചായത്തിന് കൈമാറുകയുണ്ടായി.

 

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർട്‌സ് സയൻസ് ആൻഡ് ഇൻഫെക്ഷൻ കണ്ട്രോൾ ടീമായ 'അമ്യൂസിയം' കോവിഡ് മൂന്നാം തരംഗ ഊർജ്ജിത പ്രതിരോധ പരിശീലന പരിപാടി അവതരിപ്പിച്ചു. മഹാമാരിയെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ  ജനങ്ങളുമായി പ്രത്യേകിച്ച് രോഗ ബാധിതരുമായി വളരെ അടുത്ത്  ഇടപഴുകേണ്ടവരാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എന്നത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. ആദ്യ ഘട്ടമായി ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും തുടർന്ന് ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കും ഈ പരിശീലനം നൽകുന്നതാണ്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി സുനിത എസ്., ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി വി. ആര്‍. സലൂജ, പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എം. ജലീല്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വിളപ്പില്‍ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം  ശ്രീമതി ആൻസജിത റസ്സൽ,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഡി. രാജേഷ്,  ഇന്‍കെല്‍  ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ. സാം റൂഫസ്, എച്ച് ഡി എഫ് സി ബാങ്ക് തിരുവനന്തപുരം വൈസ് പ്രസിഡന്‍റ്  ശ്രീ. ഹരി  സി. വി. തുടങ്ങിയവർ സംബന്ധിച്ചു.

അറിയിപ്പുകൾ

View All