കോവിഡ് 19: തിരുവനന്തപുരം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചണ്‍

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി സർക്കാർനിർദ്ദേശമനുസരിച്ച് ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചനും ജനതാഹോട്ടലുകളും ആരംഭിക്കാൻ ജില്ലാപഞ്ചായത്തുപ്രസിഡന്‍റിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജില്ലാപഞ്ചായത്തിന്‍റെ പാഥേയം പദ്ധതിയിൽ പ്രതിദിനം 5000 പേർക്ക് സൌജന്യമായി പൊതിച്ചോറുകൾ നൽകുന്നുണ്ട്. ഇതിനായി ജില്ലാപഞ്ചായത്തിൽ നിന്നും തുക അനുവദിച്ചിട്ടുണ്ട് ജനതാഹോട്ടലുകൾ മുഖേന 20 രൂപ നിരക്കിലാണ് ഭക്ഷണം നൽകുന്നത്. ഇതിനായി ആഡിറ്റോറിയങ്ങളുടേയും സ്കൂളുകളുടേയും അടുക്കളകളും ഡൈനിംഗ് റൂമുകളുമാണ് താൽക്കാലികമായി ഉപയോഗപ്പെടുത്തുന്നത്. പാഥേയം പദ്ധതി നടപ്പിലാക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരേയും പരിചയസമ്പന്നരായ സ്കൂള്‍ പാചകത്തൊഴിലാളികളുടേയും സേവനം ഇതിനായി പ്രയോജനപ്പെടുത്തും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമനുസരിച്ച് കമ്മ്യൂണിറ്റി കിച്ചനിൽനിന്ന് ഭക്ഷണം നൽകും. ഇതിനുപുറമേ ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് പഞ്ചായത്തുകൾ തയ്യാറാക്കിക്കഴിഞ്ഞു. അവർക്കും മൂന്നുനേരം ഭക്ഷണം എത്തിച്ചു നൽകും.

പഞ്ചായത്തുകളിൽ അലഞ്ഞു തിരിയുന്നവരേയും പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവരേയും കണ്ടെത്തി അവർക്കായി ഷെൽട്ടറുകൾ ഒരുക്കുന്ന പ്രവർത്തനം നടന്നുവരുന്നു. ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടരീതിയിൽ നടന്നുവരുന്നു. 1475 പഞ്ചായത്തു വാർഡുകളിൽ വാർഡുതല വോളണ്ടിയർ ടീം സജ്ജമാക്കിയിട്ടുണ്ട്.വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ നിരീക്ഷണവും ഈ വാർഡുതല സമിതികൾ നിർവ്വഹിക്കുന്നുണ്ട്

അറിയിപ്പുകൾ

View All