കോവിഡ് 19: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഊർജ്ജിതമായ പ്രതിരോധപ്രവർത്തനങ്ങൾക്ക് സജ്ജം

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന്  സംസ്ഥാനസർക്കാരിന്‍റെ നിർദ്ദേശമനുസരിച്ച് ജില്ലയിൽ നടപ്പിലാക്കുന്ന പ്രതിരോധപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥൻമാർ എന്നിവരുടെ അടിയന്തിരയോഗം മാർച്ച്13 ന് ബഹു.ടൂറിസം, ദേവസ്വം, സഹകരണവകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍റെ സാന്നിധ്യത്തിൽ ജില്ലാപഞ്ചായത്ത് ഹാളിൽ ചേരുമെന്ന് ജില്ലാ ആസൂത്രണസമിതി ചെയർമാനും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റുമായ ശ്രീ വി കെ മധു പ്രസ്താവനയിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് 2.30നാണ് യോഗം. യോഗത്തിന്  വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് ഇന്ന് ചേർന്ന ജില്ലാ ആസൂത്രണസമിതി യോഗം ചർച്ചചെയ്തു.

കോവിഡ് 19 നുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങൾ തയ്യാറാകണം. കൊറോണ സംശയിക്കുന്ന രോഗികളെ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നതനുസരിച്ച് നിരീക്ഷണവിധേയമാക്കാനും ഫീൽഡ് സ്റ്റാഫുകൾ വീടുകളിലെത്തി അന്വേഷണം നടത്താനുമുള്ള ക്രമീകരണങ്ങൾ ഉണ്ടാകണം.ജില്ലയിൽ ഇതുവരെ കൊറോണ റിപ്പോർട്ടു ചെയ്തിട്ടില്ലെങ്കിലും ജനറൽ ആശുപത്രി, പേരൂർക്കട, മെഡിക്കൽകോളേജ് എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഏതാനും പേർ നിരീക്ഷണത്തിലുണ്ട്. താലൂക്ക് കേന്ദ്രങ്ങളിലെ ആശുപത്രികളിലും അവശ്യ ഘട്ടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കാൻ കഴിയുന്നവിധം സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. ഇക്കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റേയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. സർക്കാർ നിർദ്ദേശിച്ചിരിക്കുന്നതനുസരിച്ച് പൊതുജനങ്ങൾ ഒത്തുചേരുന്ന ആഘോഷങ്ങളും പൊതുപരിപാടികളും നിയന്ത്രിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വികസന സെമിനാർ ഉൾപ്പടെയുള്ള എല്ലാ പൊതുപരിപാടികളും ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശങ്ങൾ പാലിച്ച് ബോധവൽക്കരണം നടത്തുകയും ജനങ്ങളിൽ ഭീതി പരത്തുന്ന തെറ്റായ പ്രചാരണങ്ങൾ തടയുകയും വേണം. ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.

അറിയിപ്പുകൾ

View All